മങ്കൊമ്പ്: പുളിങ്കുന്നിൽ നിന്നും ചമ്പക്കുളം-പടഹാരം വഴി എടത്വായ്ക്കു ബസ് സർവീസ് ആരംഭിക്കണമെന്ന് ജനശ്രീ സംഘം പുളിങ്കുന്ന് ഏഴാം വാർഡ് മൂന്നാം യൂണിറ്റ് ആവശ്യപ്പെട്ടു. കുട്ടനാടിന്റെ പ്രധാനപ്പെട്ട പ്രദേശങ്ങളാണ് പുളിങ്കുന്ന്, കാവാലം, കായൽപ്പുറം തുടങ്ങിയവ.
കുട്ടനാട്ടിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ എടത്വ പള്ളി, അമ്പലപ്പുഴ, ചക്കുളത്തുകാവ് ക്ഷേത്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കെത്താൻ കുട്ടനാട്ടുകാർ ചങ്ങനാശേരിയിലോ, ആലപ്പുഴയിലോ പോകേണ്ട അവസ്ഥയാണ്. ഇരു സ്ഥലങ്ങളിലുള്ളവർക്കും ബന്ധുവീടുകളിലേക്കു പോകുന്നതിനും ഏറെ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണുള്ളത്. നിർമാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്. അധിക സമയത്തിനു പുറമെ ഏറെ പണച്ചെലവും ഇത്തരക്കാർക്കുണ്ടാകുന്നു.
ഇതിനു പരിഹാരമായി കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ മാത്യു ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് കുര്യൻ, ജോസഫ് ജോസഫ്, തോമസ് സെബാസ്റ്റിയൻ, ടോംസ്.വി.ജോസഫ് എന്നിവർ പ്രസംഗിച്ചു.